കുമരകം: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുന്നത്തുകളത്തിൽ വീട്ടിൽ അരുൺ ഷാജിക്ക് (36) ചികിത്സാ സഹായനിധി സമാഹരിക്കുന്നതിന്റെ ഭാഗമായി ഇഴാംകാട് അഡോൺ പി. അനീഷിന്റെ (ഏഴ്) ഭവനത്തിലെത്തിയ പ്രവർത്തകരുടെ മനം നിറഞ്ഞു.
കുമരകം സെന്റ് ജോൺസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ അഡോൺ തന്റെ സമ്പാദ്യമായ കുടുക്കയിലെ പണം എണ്ണിനോക്കുകപോലും ചെയ്യാതെ സംഭാവന ചെയ്തു. അത് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 1,260 രൂപയുണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് സംഭാവന ചെയ്തത്.
കുഞ്ഞിന്റെ സന്മനസ് അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അഡോണിന്റെ വീട്ടിലെത്തി കുട്ടിയെ അനുമോദിക്കുകയും രക്ഷാകർത്താക്കളെ അഭിനന്ദിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരുടെ അഭിനന്ദന പ്രവാഹവും അഡോണിനു ലഭിച്ചു.